Monday 6 July 2015

ഓളപ്പാമ്പുകൾ - മാളവിക കെ സഞ്ജീവ്

കിഴക്കുദിക്കിൽ നിന്നും ഒരു സ്വർണപ്പക്ഷി പതിയെ ചിറകു കുടഞ്ഞെഴുന്നെല്ക്കാൻ  പരിശ്രമിക്കുകയായിരുന്നു.ആ പക്ഷിയുടെ ചിറകുകളിൽ നിന്നും തെറിക്കുന്ന നേരിയ സ്വർണത്തരികൾ ആകാശത്തിനു നാനാവർണങ്ങൾ നല്കിക്കൊണ്ടിരുന്നു...ഒരു പിടി പൊന്ന് കായലോളങ്ങളിൽ മിന്നിക്കിടന്നു..
  അക്കരെയ്ക്കുള്ള ആദ്യത്തെ ബോട്ട് ഇപ്പോഴാണ്;ഏഴുമണിക്ക്..അധികമാരും അക്കരേയ്ക്ക് കടക്കാറില്ല എന്ന് സാരം.കൂടിപ്പോയാൽ ഇരുപതാളുണ്ടാവും.എന്നാലന്ന് പതിവിനു വിപരീതമായി കൌണ്ടറിനു  മുന്നിൽ തിരക്കനുഭവപ്പെട്ടു..
       ആ നീണ്ട വരിയിൽ അവൾ ഒറ്റയ്ക്കായിരുന്നു.ഒറ്റയ്ക്ക്...ആരും കൂട്ടില്ലാതെ...കൂട്ടുകാരിയോ കൂടപ്പിറപ്പോ കെട്ടിയോനോ  അങ്ങനെയാരും...ആ വരിയിലെ ഒരേയൊരു പെണ്ണ്..പിന്നിൽ നിന്നവർ അവളെ നോക്കി എന്തൊക്കെയോ കുശുകുശുത്തു...പിന്നിൽ നിന്നും ഒരു കയ്യ് 
അവളിലേക്ക് നീണ്ടു വന്നു...പെട്ടെന്ന് ഒരു ഞെട്ടലോടെ അവൾ തിരിഞ്ഞു.ആ കറുത്ത കയ്യിന്റെ ഉടമയെ അവൾ ഒരു യക്ഷിയെപ്പോലെ തുറിച്ചു നോക്കി...പതിയെ അവളുടെ കണ്ണുകൾ നിറഞ്ഞു...
   മുന്നിൽ നിന്ന ഒരു മാന്യൻ സഹതാപ പൂർവ്വം തിരിഞ്ഞു നോക്കിയപ്പോൾ ഒട്ടൊരു ദയനീയതയോടെ ഒരു കൂമ്പിയ താമരമൊട്ടു പോലെ അവൾ തല കുനിച്ചു നില്ക്കുകയായിരുന്നു...
         വരിയുടെ നീളം കുറഞ്ഞു കുറഞ്ഞു വന്നു...ഇടയ്ക്കെപ്പോഴോ അവളുടെ  നീണ്ടു കിടന്ന ഷാളിന്റെ അറ്റത്ത് ആരോ  ചവുട്ടി...
    അവളുടെ ഊഴമെത്തിയപ്പോൾ മന:പൂർവ്വം തന്നെ ആളുകൾ തിക്കിക്കയറി...അവളെ തള്ളിമാറ്റിയും  കാലുകളിൽ ബലമായി ചവുട്ടിയും മറ്റുള്ളവർ ടിക്കറ്റെടുത്ത് പോയി...അവസാനമായാണ് അവൾക്ക് ബോട്ടിൽ കയറുവാനായത്..
         ടിക്കറ്റ് കീറി നീട്ടുമ്പോൾ കൌണ്ടറിലെ ഉദ്യോഗസ്ഥന അവളെ പു:ച്ഛത്തോടെയാണ് നോക്കിയത്..ചെക്കർ വലിയ താല്പര്യമില്ലാതെയാണ്  ടിക്കറ്റ് വാങ്ങി അവളെ കടത്തി വിട്ടത്...
          ഇഷ്ടദൈവത്തെ ഓർത്തുകൊണ്ട് അവൾ ബോട്ടിൽ കയറി.അത്ഭുതത്തോടെയും പു;ച്ഛത്തോടെയുമാണ് അവളെ മറ്റുള്ളവർ വരവേറ്റത്....
  "എന്ത്  ധൈര്യത്തിലാ  ഈ പെങ്കൊച്ച്അക്കരേയ്ക്ക് ??"
                         ആരോ മുറുമുറുത്തു....
    "ഇവൾ അക്കരെ കടന്നത് തന്നെ....നമ്മൾ എത്രയെണ്ണത്തിനെ  കണ്ടതാ..."    
                   ഇച്ചിരി ഒച്ചത്തിൽ തന്നെ ഒരാൾ വിലയിരുത്തി...
     സത്യമാണ്.....അക്കരെ കടന്ന പെണ്ണുങ്ങൾ വളരെ ചുരുക്കം...
                                        ഉണ്ടായിരുന്ന ഇരിപ്പിടങ്ങളെല്ലാം തന്നെ എല്ലാവരും കയ്യടക്കിയിരുന്നു....ഒടുവിൽ അല്പം  പുറകിലായി ഒരു വിൻഡോ സീറ്റ് അവൾ കണ്ടു.. ആ സീറ്റ് കീറിയതായിരുന്നു...പഞ്ഞിയും മറ്റും പുറത്തു ചാടി  ആകെ അലങ്കോലമായിരുന്നു ...കിട്ടിയത് കിട്ടി....അവൾ ഇരിക്കുവാനാഞ്ഞു .. വരിയുടെ മുന്നിൽ നിന്നിരുന്ന കരുണ  നിറഞ്ഞ ആ മുഖം അവളുടെ ആവശ്യം മനസ്സിലാക്കിയത് പോലെയാകണം കാലുകൾ ഒതുക്കി വച്ചു. അവൾ കഷ്ട്ടപ്പെട്ട് ആ സീറ്റിൽ ഇരുന്നു...
                         തന്റെ സ്വപ്നം....അതിന്റെ സാക്ഷാത്കാരം ..എല്ലാം അക്കരെയാണ്...അവിടെയെത്തിപ്പെട്ടാൽ പിന്നീട് തനിക്ക് തിരിഞ്ഞു നോക്കേണ്ടി വരില്ല...അതിനാൽ അക്കരെയെത്തും  വരെ എന്തും സഹിച്ചേ മതിയാകൂ..കാരണം അവിടെയെത്തുകയെന്നത്  തന്റെ മാത്രം ആവശ്യമാണ്....താലിച്ചരടിന്റെ അടിമത്വവും ഉത്തരവാദിത്വങ്ങളും തലയിലേറ്റാൻ കുടുംബം വാശിപിടിക്കുകയാണ്.വരൻ തൂക്കുകയറുമായി  കാത്തിരിക്കുകയാണ്..അക്കരെയൊന്നെത്തട്ടെ.... ജീവിതനിലവാരമൊന്നുയരട്ടെ...എന്നിട്ടാവാം കെട്ടിയോനും കുട്ടിയോളും...
                         അവളുടെ ചിന്തകളുടെ താളം തെറ്റിച്ച് ഒരു ശബ്ദം ഉയർന്നുകേട്ടു...
              "ആണുങ്ങളുടെ ബോട്ടാണിത് സഹോദരീ .... നീ പെണ്ണ്..നിനക്ക് അക്കരെയെത്തുക അസാധ്യം......... "
                          കരുണയ്ക്ക് പകരം അയാളുടെ മുഖത്ത് നിറഞ്ഞു നിന്നത് പു:ച്ഛമായിരുന്നു...കഷ്ടപ്പെട്ട് അവൾ മുഖത്തൊരു പുഞ്ചിരി വരുത്തി..എന്നിട്ട് പതിയെ മുഖം തിരിച്ചു...
                      ബോട്ട് പതിയെ നീങ്ങുകയാണ്..അവൾ തന്നോട് തന്നെയായി പറഞ്ഞു-"വിജയത്തിലേക്കുള്ള മുള്ളുകൾ നിറഞ്ഞ പടവുകളിൽ അവസാനത്തേതും കടക്കാൻ പോവുകയാണ് നീ.."
                                       അവളുടെ ശരീരത്തിലേക്ക് വീണ്ടും ഒരു കയ്യ് നീണ്ടുവന്നു...അവൾ പിന്തിരിഞ്ഞു നോക്കി.കണ്ടത് വിളവു തിന്നുന്ന വേലിയെയാണ്......അവൾക്ക് ആരോടൊക്കെയോ അറപ്പ് തോന്നി.താനൊരു ഭ്രാന്തിയായി മാറുകയാണെന്ന് അവളുടെ മനസ്സ് മന്ത്രിച്ചു ......മുടിയഴിച്ചിട്ട്  വസ്ത്രങ്ങൾ പിച്ചിക്കീറി  പരസ്പര ബന്ധമില്ലാതെ ഓരോന്ന് പിറുപിറുക്കുകയും  അട്ടഹസ്സിക്കുകയും ചെയ്യുന്ന മുഴുഭ്രാന്തി..
                               മടുപ്പോടെ അവൾ കായലിലേക്ക് കണ്ണോടിച്ചു...നുരഞ്ഞു പൊങ്ങുന്ന പതയെ നോക്കിയിരുന്നപ്പോൾ ആരോ തന്നെ പല്ലിളിച്ചു കാണിക്കുന്നത് പോലെ അവൾക്കു തോന്നി..
                          കായലോളങ്ങൾ കിടന്നു പുളയുന്ന പാമ്പുകളെ ഓർമിപ്പിച്ചു....താനൊരു വാസുകീലൊകത്തു പെട്ടു പോയതായി അവൾക്ക് തോന്നി..ഓളപ്പാമ്പുകൾക്കിടയിൽ താനൊറ്റയ്ക്ക്..അവൾ വെറുപ്പോടെ, ഭയത്തോടെ തന്റെ കാഴ്ചയെ മറ്റെങ്ങോട്ടോ മേയുവാൻ വിട്ടു..
                   ഒരു കാറ്റ് വീശി...അവളുടെ മുടിയിഴകളിലും മുഖത്തുമെല്ലാം ഒരുതരം തണുപ്പ് വ്യാപിച്ചു;അവളുടെ മനസ്സിലേക്കും .....
                           അവൾ മറ്റു യാത്രക്കാരെ നോക്കി....ചിലർ നല്ല മയക്കമാണ്...ചിലർ കടലയോ കപ്പലണ്ടിയോ കൊറിക്കുന്നു...മറ്റു ചിലർ കോട്ടുവായിട്ടുകൊണ്ടും പൊട്ടിച്ചിരിച്ചു കൊണ്ടും വർത്തമാനത്തിൽ മുഴുകിയിരിക്കുകയാണ്...ചില കഴുകാൻ കണ്ണുകൾ തന്നിലേക്ക്  നീളുന്നതും അവൾ കണ്ടു...
                വീണ്ടും ആ പരിചയ ശബ്ദം...
                   "സഹോദരീ....നിനക്ക് അക്കരെയെതുവാൻ കഴിയില്ലായെന്നു ഉറപ്പാണ്....പിന്നെയെന്തിനീ പാഴ്ശ്രമം??എത്രയോ പേർ പരാജയം സമ്മതിച്ചിരിക്കുന്നു...അക്കരെയെത്തിയ സഹോദരിമാർ വിരലിൽ എണ്ണാവുന്നവർ മാത്രം....എന്നിട്ടും നീ...??"
                 "ശ്രമിക്കുന്നു.....അത്ര തന്നെ..അക്കരെയെത്തുവാൻ  കഴിഞ്ഞാൽ എന്റെ മഹാഭാഗ്യം..എത്തിപ്പെട്ടവരുടെ കഥകൾ ഒരുപാട് കേട്ടിട്ടുണ്ട്....എനിക്കും എത്തുവാൻ ഒരു കൊതി.ഒരു സ്വപ്നം കണ്ടു...അതിന്റെ സാക്ഷാത്കാരത്തിനാണ്  എന്റെ യാത്ര...നാളെ ഏതെങ്കിലും അടുക്കളപ്പുറത്ത് ജന്മം തേഞ്ഞു തീരുമ്പോൾ നിരാശ തോന്നുവാതിരിക്കുവാൻ മാത്രം.....അതിനു വേണ്ടി മാത്രം... "
                      അവളുടെ കണ്ണുകൾ നക്ഷത്രങ്ങളെപ്പോലെ തിളങ്ങി....ആ വെട്ടത്തിൽ  അയാൾക്ക് കാഴ്ച മങ്ങും പോലെ തോന്നി.........
                                ആത്മ വിശ്വാസത്തോടെ അവൾ മുഖം തിരിച്ചു..അവളുടെ കണ്ണുകൾ അറിയാതെ ചെന്നെത്തിയത് ഉയരത്തിലേക്കായിരുന്നു...നീലാകാശത്തെയ്ക്ക്..തല പുറത്തേയ്ക്കിട്ട് അവൾ  നോക്കി....സൂര്യൻ ഉറക്കച്ചടവിലാണ് ഇപ്പോഴും .. സൂര്യന്റെ ഇളം കിരണങ്ങൾ അവളുടെ മുഖത്ത് ഇക്കിളിയിട്ടുകൊണ്ടിരുന്നു...
                   സൂര്യന് കുറുകെ ഒരു പക്ഷി ചിറകടിച്ചു പറന്നു പോയി..പുറകെ ഒരു പക്ഷിക്കൂട്ടവും...തനിക്കു ചിറകുകൾ ഉണ്ടായിരുന്നെങ്കിൽ എന്ന് അവൾ ഒരു നിമിഷത്തേക്ക് ആശിച്ചു പോയി..ഒരു പക്ഷിയായി പിറന്നിരുന്നെങ്കിൽ ചിറകു തളരുവോളം പറന്നു നടക്കാമായിരുന്നു എന്നവൾ നിരാശപ്പെട്ടു..
            പെട്ടെന്ന് തനിക്കു ചിറകുകൾ മുളയ്ക്കുന്നതായി അവൾക്കു തോന്നി...താൻ പറന്നുയരുവാൻ പോവുകയാണെന്ന് അവൾ സ്വപ്നം കണ്ടു...
                പക്ഷെ അപ്പോഴേയ്ക്കും പറന്നുയരുവാൻ പോയിട്ട്  ഒന്നനങ്ങുവാൻ പോലും കഴിയാത്ത വിധം ഓളപ്പാമ്പുകൾ അവളെ ചുറ്റി വരിഞ്ഞു കഴിഞ്ഞിരുന്നു.........................................................................